Eric Stephen for congress

കുട്ടികളെങ്ങനെ കുറ്റവാളികളാകുന്നു

ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും...കൂട്ടത്തല്ലിൽ മരിച്ചാൽ കേസ് എടുക്കില്ല.. 15 വയസ്സുള്ള മുഹമ്മദ് ഷഹബാസ് എന്ന പത്താം ക്ലാസുകാരനെ വളഞ്ഞിട്ടടിച്ചുകൊന്ന കുട്ടികൾ തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റ് ആണിത്. കേൾക്കുമ്പോൾ ഭയം തോന്നുന്നില്ലേ.. ഇല്ലെങ്കിൽ തോന്നണം.. കാരണം ആർക്കും ആരെയും എപ്പോൾ വേണമെങ്കിലും കൊല്ലാമെന്ന ധാരണയും ധൈര്യവും ഇവർക്ക് എവിടെ നിന്ന് ഉണ്ടായി എന്ന് ആലോചിക്കണം. ഭവിഷ്യത്തുകൾ ഇവരെ ബാധിക്കാതായത് എങ്ങനെ എന്ന് ചിന്തിക്കണം.


പത്താം ക്ലാസിലെ യാത്രയയപ്പ് പരിപാടിയിൽ ഡാൻസ് കളിക്കുന്നതിനെ ചൊല്ലി ഉണ്ടായ വിഷയം. അന്നത് സംഘർഷമായി. അവസാനിച്ചില്ല. ഇൻസ്റ്റാഗ്രാമിൽ ചേരിതിരിഞ്ഞ് പോർവിളിച്ച കുട്ടികൾ ഒടുവിൽ തെരുവിൽ തമ്മിലടിച്ചു. നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ വച്ച് നടുറോഡിൽ അവർ യുദ്ധം ചെയ്തു. ഫലമോ.ഒരു നിമിഷത്തെ ആവേശം ഒരു ജീവൻ തന്നെ ഇല്ലാതാക്കി.


അബദ്ധത്തിൽ പറ്റിപ്പോയ തെറ്റായി ഈ സംഭവത്തെ ഒരിക്കലും വ്യാഖ്യാനിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ വീണ്ടുമവർ ഇൻസ്റ്റാഗ്രാമിൽ ഷഹബാസിൻ്റെ മരണം ചർച്ച ചെയ്യില്ലായിരുന്നു.

കൊല്ലാൻ വേണ്ടി മാത്രം അവൻ എന്താണ് ചെയ്തത്. ?

കയ്യിൽ പേനയും പുസ്തകവും പിടിക്കേണ്ട പ്രായത്തിൽ നഞ്ചക്കും കുറുവടിയും കൊണ്ട് നടക്കുന്നത് ജീവനെടുക്കാൻ അല്ലെങ്കിൽ പിന്നെന്തിനാണ്.?

പറഞ്ഞു തീർക്കാൻ വേണ്ടി പോലുമില്ലാത്ത പ്രശ്നത്തിൽ കൊന്നുതീർക്കാൻ ഇവർക്കൊക്കെ കഴിയുന്നത് എങ്ങനെ ആണ്..?

സ്നേഹവും അനുകമ്പയും സൗഹൃദവുമൊക്കെ എവിടെ ആണ് നഷ്ടമായത്..?

ഇങ്ങനെ ഒരുപാടധികം ചോദ്യങ്ങളാണ് എനിക്ക് മുന്നിലുള്ളത്..


കുറ്റകൃത്യങ്ങൾ വർധിക്കുന്നു എന്നതിന് അപ്പുറത്തേക്ക് കുറ്റവാളികളുടെ പ്രായവും രീതിയും ഏറെ ഗൗരവമായി ഭരണകൂടം കാണേണ്ട ഒന്നാണ്. 2k കിഡ്സ് എന്നും ജെൻസീസിൻ്റെ വിളയാട്ടം എന്നുമൊക്കെ പറഞ്ഞ് നിസാരവൽക്കരിച്ച് കളഞ്ഞാൽ..തന്തവൈബും തള്ളവൈബും മാത്രമാക്കി പരിഹസിച്ചാൽ ഇനിയും ഒരുപാട് ഷഹബാസുമാർ ഇവിടെ തല തകർന്ന് മരിക്കും. ഇനിയും അഫാൻമാർക്ക് ചുറ്റികയ്ക്ക് അടിച്ചുവീഴ്‌ത്താൻ ധൈര്യമേറും.


ഇവിടെ ആഭ്യന്തര വകുപ്പ് എന്തിന് എന്നൊന്നും ചോദിക്കാൻ ഈ ഘട്ടത്തിൽ ഞാനില്ല. പക്ഷേ ജീവന് വിലയില്ലാത്ത, കൊല്ലാനൊരു മടിയുമില്ലാത്ത മനുഷ്യർ നാട്ടിൽ പെരുകുമ്പോൾ എത്ര നാൾ സർക്കാരും പോലീസും അനങ്ങാതിരിക്കും. അറിയില്ല..